KERALA

സിപിഐ ചതിയൻ ചന്തു ആണെന്ന നിലപാടിനോട് യോജിപ്പില്ല; വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ

മതനിരപേക്ഷ നിലപാടിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: സിപിഐ ചതിയൻ ചന്തു ആണെന്ന വെള്ളാപ്പള്ളിയുടെ നിലാപടിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയും സിപിഐഎമ്മുമായി നല്ല ബന്ധമാണ് ഉള്ളത്. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സിപിഐഎമ്മിന് യോജിപ്പുണ്ട്. മതനിരപേക്ഷ നിലപാടിൽ നിന്ന് വ്യതിചലിച്ച് അദ്ദേഹം എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം സിപിഐഎമ്മിനില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സിപിഐക്കെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. സിപിഐയിലുള്ളത് ചതിയൻ ചന്തുമാരാണെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

അതേസമയം, വെള്ളാപ്പള്ളി നടേശൻ്റെ ചതിയൻ ചന്തു പരാമർശത്തിന് മറുപടിപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ ആളെയും അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്കാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാരിന് മാർക്കിടാൻ ഉള്ള ചുമതല വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും എൽഡിഎഫിന്റെ മുഖം വെള്ളാപ്പള്ളി അല്ലെന്നും കടുത്ത ഭാഷയിൽ ബിനോയ് വിശ്വം മറുപടി നൽകിയിരുന്നു.

SCROLL FOR NEXT