തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചാ വിഷയമായ മറ്റത്തൂരിലെ കൂട്ട കൂറുമാറ്റത്തിൻ്റെ നിർണായക വിവരങ്ങൾ ന്യൂസ് മലയാളത്തിന്. കൂട്ട കൂറുമാറ്റത്തിന് ചുക്കാൻ പിടിച്ചത് ടി. എം. ചന്ദ്രനാണെന്ന് തെളിയിക്കുന്ന നിർണായക ഫോൺ സംഭാഷണമാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.
ലഭ്യമായ തെളിവുകൾ ബിജെപി പിന്തുണയെ എതിർത്ത പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെ വിമത നേതാവ് ടി.എം ചന്ദ്രനൻ സ്വാധീച്ചെന്ന് തെളിയിക്കുന്നതാണ്. തങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തിൽ പറയണമെന്നും ചന്ദ്രൻ അക്ഷയ്‌യോട് ആവശ്യപ്പെട്ടു.
എട്ടുപേരും ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് തെളിയിക്കണമെങ്കിൽ അക്ഷയ് കൂടി വരണമെന്ന് ചന്ദ്രൻ പറഞ്ഞപ്പോൾ, തനിക്ക് വർഗീയ പാർട്ടിയുമായി ബന്ധമില്ലെന്നും രാജിവയ്ക്കാൻ തയ്യാറാണെന്നും അക്ഷയ് മറുപടി നൽകുന്നുണ്ട്. ഒരുമിച്ചെടുത്ത തീരുമാനത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഒന്നിച്ചു നിൽക്കണമെന്നും ചന്ദ്രൻ വീണ്ടും ആവശ്യപ്പെടുന്നുണ്ട്.
ബിജെപിയുടെ പിന്തുണയോടുകൂടി പ്രസിഡൻ്റായ ആൾ രാജിവയ്ക്കാതെ കൂടെ വരില്ലെന്ന് അക്ഷയ് പറഞ്ഞു. അക്ഷയ് രാജി സന്നദ്ധത അറിയിച്ചപ്പോൾ ചന്ദ്രൻ അതുവേണ്ടെന്ന് പറയുന്നതും ഫോൺ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം 28-ാം തീയതി രാവിലെ നടന്ന ചന്ദ്രനും അക്ഷയും തമ്മിലുള്ള സംഭാഷണമാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്.
വിവാദമായ മറ്റത്തൂർ കൂട്ടക്കൂർ മാറ്റത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം നടക്കുന്നതിനിടെയാണ് വിമത നേതാക്കളെ വീട്ടിലാക്കിക്കൊണ്ട് ശബ്ദരേഖ വരുന്നത്. ശബ്ദരേഖ പുറത്തുവിട്ട പിന്നാലെ പാർട്ടിക്ക് ഒറ്റ നിലപാടാണ് ഉള്ളതെന്നും വർഗീയശക്തികളുമായി കൂട്ടുകൂടില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു.
മറ്റത്തൂരിൽ ആരും ബിജെപിയിൽ ചേർന്നിട്ടില്ലെങ്കിലും അവരുമായി ബന്ധം സ്ഥാപിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ്. തെറ്റ് ചെയ്തത് കൊണ്ടാണ് നടപടിയെടുത്തത് എന്നും കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നു എന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹം മാത്രമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം മറ്റത്തൂരിലെ വിമർശകർക്കൊപ്പം ഔദ്യോഗിക പക്ഷത്തെ കോൺഗ്രസ് പ്രവർത്തകരുമായും ചർച്ച നടത്തിയ കെപിസിസി പ്രസിഡൻ്റോ റോജി എം. ജോൺ എംഎൽഎയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പരസ്യ പ്രതികരണം അരുതെന്നുമാണ് ഇരുവിഭാഗത്തിനും കെപിസിസി നൽകിയിരിക്കുന്ന നിർദേശം.