തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് എതിരായ അതിക്രമത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം. പ്രവർത്തകരോട് പ്രതിഷേധത്തിന് ഇറങ്ങാൻ നേതൃത്വം നിർദേശം നൽകി.
ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നേതൃത്വത്തിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി.
വീണാ ജോർജിനെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും മന്ത്രിയെ കൊല്ലാനാണ് ശ്രമം ഉണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള പ്രതിഷേധം കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. നിഷ്ഠൂരമായ കടന്നാക്രമണമാണ് ഉണ്ടായത്. കോൺഗ്രസ് നേതൃത്വം അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു പ്രതിഷേധമുണ്ടായത്. എല്ലാം ബോധപൂർവ്വം പ്ലാൻ ചെയ്താണ്. കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ കണ്ട് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. കെഎസ്‌യു പ്രതിഷേധം ഹീനമായ രാഷ്ട്രീയമെന്നും ഒരു കൂട്ടം അക്രമികളുടെ അഴിഞ്ഞാട്ടമെന്നും മുഖ്യമന്ത്രിയുടെ നിശിത വിമർശനം.