തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാർ ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുകയാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിഎംഎവൈ പദ്ധതി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ് എന്നും ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ എന്തിനാണ് കെ.എം. ഷാജി ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരു മാസം കൊണ്ട് സതീശൻ സർക്കാർ സംഘപരിവാറിൻ്റെ ദാസനായി മാറിയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മന്ത്രിമാർ രഹസ്യമായും പരസ്യമായും ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുന്നു. ബിജെപിക്ക് മൂന്ന് എംഎൽഎമാരാണ് ഉള്ളതെങ്കിലും, സംസ്ഥാന ഭരണത്തിൽ അവരുടെ അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പിഎംഎവൈ പദ്ധതി
പിഎംഎവൈ പദ്ധതി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ് എന്നും ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ എന്തിനാണ് കെ.എം. ഷാജി ശ്രമിക്കുന്നത്. ആരോ കൊടുത്ത വീട്ടിലാണ് താമസിക്കുന്നത് എന്ന ബോധം അവരിൽ ഉണ്ടാക്കുന്നതിന് ഒരുക്കമല്ല എന്ന ഉറച്ചനിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ആറ് ലക്ഷം വീടുകളിലും മോദിയുടെ പടമോ ലോഗോയോ വെക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വൈസ് ചാൻസലർ നിയമനം
എംജി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സംഘപരിവാർ അജണ്ട കൈകാര്യം ചെയ്യുന്നവരെയാണ് താൽകാലിക വൈസ് ചാൻസലർമാരായി നിയമിച്ചത്. എംജിയിൽ സംഘപരിവാറുകാരായ 19 പേരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തു. ഈ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നേവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണും പ്രഖ്യാപിച്ചു. പിഎം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം ഷംസുദ്ദീനും ആവർത്തിച്ച് പറഞ്ഞുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥൻ
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥനെ നിയമിച്ച തീരുമാനം മന്ത്രിമാർ പോലും അറിഞ്ഞില്ല. ശേഷാദ്രിനാഥൻ സംഘപരിവാർ അനുകൂലിയാണെന്നും ഉന്നയിച്ചത് കെപിസിസി ജനറൽ സെക്രട്ടറിയാണ്. നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ നിർണായകമായ പുനർവിഭജനം നടക്കാനിരിക്കെയാണ് സംഘപരിവാർ അനുകൂലിയെ ഏറ്റവും ശ്രദ്ധേയമായ ഒരു സ്ഥാനത്ത് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി ആരോപിച്ചതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.