Source: Social Media
KERALA

"മാറാടിനെക്കുറിച്ച് പറഞ്ഞാൽ എന്താണ് പ്രശ്‌നം?"; എ.കെ. ബാലനെ പിന്തുണച്ച് എം.വി. ഗോവിന്ദൻ

പരാമർശത്തിൽ നിന്നും ഒരടി പിന്മാറില്ലെന്നും, ജീവിതാവസാനം വരെ മാപ്പ് പറയില്ലെന്ന് എ.കെ. ബാലനും പറയുന്നു

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്കെതിരായ വിവാദ പരാമർശത്തിൽ എ.കെ. ബാലന് പിന്തുണയുമായി സിപിഐഎം. മാറാടിനെകുറിച്ച് പറഞ്ഞാൽ എന്താണ് പ്രശ്നമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പരാമർശത്തിൽ നിന്നും ഒരടി പിന്മാറില്ലെന്നും, ജീവിതാവസാനം വരെ മാപ്പ് പറയില്ലെന്ന് എ.കെ. ബാലനും പറയുന്നു. ഖുർആൻ്റെ മലയാള പരിഭാഷയുമായി എ.കെ. ബാലൻ വാർത്താസമ്മേളനത്തിന് എത്തിയത്.

ജമാഅത്തെ ഇസ്ലാമിക്കെതിരായ പരാമർശത്തിൽ സിപിഐഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയെന്ന ചർച്ചയ്ക്കിടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത്. ബാലന്റെ അഭിപ്രായത്തെ തള്ളാതെയായിരുന്നു ഗോവിന്ദന്റെ പ്രതികരണം. മാറാടിനെക്കുറിച്ച് പറഞ്ഞാൽ എന്താണ് കുഴപ്പമെന്ന് പാർട്ടി സെക്രട്ടറി ചോദിച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും തീവ്രവാദ സ്വഭാവം പുലർത്തുന്ന സംഘടനയെ വേണ്ടിവന്നാൽ നിരോധിക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം വിവാദങ്ങളിൽ പ്രതികരിച്ച് വാർത്താസമ്മേളനം നടത്തിയ എ.കെ. ബാലൻ, താൻ പറഞ്ഞതിൽ നിന്നൊന്നും ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത് വസ്തുത വിരുദ്ധമാണെന്നും ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താനെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഭരണഘടനയും മതനിരപേക്ഷതയും അംഗീകരിക്കുന്നുണ്ടോയെന്നും മതരാഷ്ട്ര നിലപാട് ആണോ സംഘടനയ്ക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു.

തന്റെ നിലപാടിനെതിരെ മുസ്ലിം ലീഗിൽ നിന്നോ അറിയപ്പെടുന്ന മുസ്ലിം സംഘടനകളിൽ നിന്നോ വിമർശനം ഉണ്ടായില്ല. ഒരാഴ്ചക്കുള്ളിൽ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്നും എ .കെ. ബാലൻ പറഞ്ഞു. എ.കെ. ബാലൻ്റെ മാറാട് പരാമർശം ദുരുദ്ദേശ്യത്തോടെയെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. എൽ.ഡിഎഫിന് ഭരണം കിട്ടിയാൽ ആഭ്യന്തര മന്ത്രി പദവി എസ് ഡി പി ഐക്ക് ആയിരിക്കുമെന്നും ഹലോ മലയാളം ലീഡേഴ്സ് മോർണിങ്ങിൽ കുമ്മനം രാജശേഖരൻ പറഞ്ഞു.

SCROLL FOR NEXT