തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ എംഐസിയു 1 ആണ് കണ്ഠരര് രാജീവരെ പ്രവേശിപ്പിച്ചത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നീട് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റുയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് എസ്ഐടി തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് എസ്‌ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്‌ഐടിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.
സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും തന്ത്രിക്കെതിരെ എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നത്.