എം.വി. ജയരാജൻ Source: Facebook
KERALA

പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയില്ല, കോൺഗ്രസ് തയ്യാറല്ലെങ്കിൽ വിജയൻ്റെ കുടുംബത്തെ സിപിഐഎം സഹായിക്കും: എം.വി. ജയരാജൻ

ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷമായിരുന്നു ജയരാജന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

വയനാട്: പ്രിയങ്ക ഗാന്ധി എംപിക്കെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വയനാട്ടിൽ ഉണ്ടായിരുന്നിട്ട് പോലും പ്രിയങ്ക ജോസ് നെല്ലേടത്തിൻ്റെ വീട് പോലും സന്ദർശിച്ചില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. മുൻ ഡിസിസി ട്രഷറർ വിജയന്റെ കുടുംബത്തിന്റെ പരാതി കേൾക്കാനും പ്രിയങ്ക ഗാന്ധി തയ്യാറായില്ലെന്നും സിപിഐഎം നേതാവ് ആരോപിച്ചു.

ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ കണ്ടശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ജോസ് നെല്ലേടത്തിന്റെ വീട്ടിൽ പോകുന്നതിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വിലക്കിയെന്ന് എം.വി. ജയരാജൻ ആരോപിച്ചു. വിജയന്റെ കുടുംബത്തെ സഹായിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് അറിയിച്ചാൽ, പാർട്ടി സഹായിക്കുമെന്നും ജയരാജൻ പറഞ്ഞു.

"സഹായിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയാൽ കുടുംബത്തെ സഹായിക്കാൻ സിപിഐഎം തയ്യാറാണ്. ഇക്കാര്യങ്ങൾ നേരത്തെ തന്നെ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. എൻ.എം. വിജയൻറെ കുടുംബം സിപിഐഎം നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്," എം.വി. ജയരാജൻ പറഞ്ഞു.

എൻ. എം. വിജയൻ്റെ കുടുംബം തന്നെയാണ് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടത്. സെറ്റിൽമെൻ്റ് ഉണ്ടാക്കിയത് പാലിക്കാൻ വേണ്ടിയാണെന്നും, ചതിക്കാനല്ലെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്ന നിലപാടിനോട് ഒരു യോജിപ്പുമില്ലെന്ന് പറയുന്ന നിർണായക ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.

സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിന് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചതെന്നും തിരുവഞ്ചൂർ ചോദിക്കുന്നുണ്ട്. ശാന്തമായി തുക കൊടുക്കാൻ തീരുമാനിക്കേണ്ടതായിരുന്നു. ഇപ്പോൾ നടക്കുന്ന തരികിട പണികളോടൊന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്കു പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ പറയുന്നു.

SCROLL FOR NEXT