KERALA

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല, എറണാകുളത്ത് എയര്‍ഹോണ്‍ നശിപ്പിക്കാന്‍ എംവിഡി കൊണ്ടുവന്ന റോഡ് റോളറിന് നോട്ടീസ്

കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചിയില്‍ വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ എംവിഡി റോഡ് റോളര്‍ കയറ്റി നശിപ്പിച്ചതിന് പിന്നാലെ എംവിഡി ഏര്‍പ്പാടാക്കിയ റോഡ് റോളറിന് നോട്ടീസ് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്നാണ് എംവിഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം നോട്ടീസ് നല്‍കണം.

കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നിരുന്നു.പരിശോധനയില്‍ 500 ഓളം നിരോധിത എയര്‍ഹോണുകള്‍ ഒരാഴ്ചയ്ക്കിടെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തുകയും ചെയ്തു. ശബ്ദമലിനീകരണം തടയാന്‍ വായുമലിനീകരണം ആകാമെന്നാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പരിഹാസം.

'എന്തെല്ലാം കോമാളിത്തരങ്ങള്‍ കാണണം. സംസ്ഥാനത്തെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കണമെന്ന് മന്ത്രി ഉത്തരവിറക്കുന്നു. അതനുസരിച്ച് കൊച്ചിയില്‍ എം വി ഐ പിടിച്ചെടുത്ത എയര്‍ഫോണിന്റെ കോളാമ്പികള്‍ മാത്രം ഒരു റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നു; അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ കോളാമ്പികള്‍ നശിപ്പിക്കാന്‍ എംവിഐ ഏര്‍പ്പാടാക്കിയ റോഡ് റോളറിന്റെ പൊലൂഷന്‍ സര്‍ട്ടിഫിക്കേറ്റ് കാലാവധി നാല് മാസം മുന്‍പ് കഴിഞ്ഞു പോലും. ശബ്ദമലിനീകരണം തടയാന്‍ വായുമലിനീകരണം ആകാം,' എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

SCROLL FOR NEXT