KERALA

''പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌സ് ജനറല്‍ ആവശ്യപ്പെട്ട ധനവകുപ്പിലെ ഫയലുകള്‍ നല്‍കിയില്ല''; ജയതിലകിനെതിരെ വീണ്ടും എന്‍. പ്രശാന്ത്

ഫയലുകള്‍ ആവശ്യപ്പെട്ടുള്ള കത്തും ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് എന്‍. പ്രശാന്തിന്റെ ആരോപണം.

Author : ന്യൂസ് ഡെസ്ക്

ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ വീണ്ടും എന്‍. പ്രശാന്ത്. പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌സ് ജനറല്‍ ആവശ്യപ്പെട്ട ധനവകുപ്പിലെ ഫയലുകള്‍ നല്‍കിയില്ലെന്ന് ആരോപണം. ജയതിലക് ധനവകുപ്പ് അഡീ ചീഫ് സെക്രട്ടറിയായിരുന്ന കാലത്തെ ഫയലുകളാണ് ആവശ്യപ്പെട്ടിരുന്നത്. ഫയലുകള്‍ ആവശ്യപ്പെട്ടുള്ള കത്തും ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് എന്‍. പ്രശാന്തിന്റെ ആരോപണം.

പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌സ് ജനറല്‍ നാല് തവണ ഫയലുകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. അഴിമറി മറയ്ക്കാന്‍ ഫയലുകള്‍ മനപൂര്‍വ്വം പൂഴ്ത്തിയതാണെന്നാണ് പ്രശാന്തിന്റെ ആരോപണം.

കഴിഞ്ഞ തിങ്കളാഴ്ചയും ചീഫ് സെക്രട്ടറിക്കെതിരെ എന്‍. പ്രശാന്ത് രംഗത്തെത്തിയിരുന്നു. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് എന്‍ഒസി നല്‍കാതെ ചീഫ് സെക്രട്ടറി പിടിച്ചുവെച്ചുവെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. കൊളമ്പോയിലെ സ്‌കൂള്‍ ഗെറ്റ് ടുഗെതറില്‍ പങ്കെടുക്കാനായില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് പിടിച്ചുവെച്ചുവെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമുക്ക് ഓഡിറ്റ് ഇഷ്ടല്ല!

ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് പേരെടുത്ത് പറഞ്ഞ് ഡോ. ജയതിലകിനയച്ച കത്താണിത്. നാല് ആഴ്ചക്കകം നല്‍കേണ്ട മറുപടി അനിശ്ചിതമായി നീണ്ടു പോയതിനാല്‍ എജി 4 റിമൈന്‍ഡറുകള്‍ അയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നാണ് കത്തില്‍. ഡോ. ജയതിലക് ചീഫ് സെക്രട്ടറി ആയ ശേഷവും ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരം ലഭ്യമായ മറുപടി നോക്കൂ - ഈ മാസം വരെയും മറുപടി നല്‍കാതെ കോട്ട സംരക്ഷിച്ചിട്ടുണ്ട്!

ഈ കത്ത് 01.09.2019 മുതല്‍ 31.03.2022 വരെയുള്ള കാലഘട്ടത്തില്‍ ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെക്കുറിച്ചാണ്. 2022 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തിന്റേത് അപ്പോള്‍ പറയേണ്ടതില്ലല്ലോ!

ആരോഗ്യ വകുപ്പിലെ അഴിമതി, കേന്ദ്ര ഫണ്ട് വെട്ടിപ്പും വകമാറ്റലും, ഇഷ്ടക്കാര്‍ക്ക് അനധികൃതമായി ഭീമമായ ശമ്പള വര്‍ദ്ധനവ് നടത്തിയത്, IPRD വകുപ്പിലെ അഴിമതികള്‍, അനധികൃതമായി ഇഷ്ടക്കാര്‍ക്ക് അധിക ശമ്പള ഗഡുക്കള്‍ അനുവദിച്ചത് എന്നിവയൊക്കെയാണ് ഈ കാലഘട്ടത്തിലെ കണ്ടെത്തലുകള്‍. ഇതൊക്കെ അസംബന്ധമാണെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ഡോ. ജയതിലകിന് മറുപടി നല്‍കാമായിരുന്നു!

ഡോ. ജയതിലകിനെ ഒരു വ്യക്തിയായി കാണാതെ ഈ സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ പ്രവൃത്തികളെ പറയുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ ചിലര്‍ക്ക് പൊള്ളുന്നത് എന്ത് കൊണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മനസ്സിലാവും. ഇക്കാലയളവില്‍ നടന്ന ഒരു ഫയല്‍ അദാലത്തിലും ഇത് തീര്‍പ്പാവാത്തതിന്റെ ഗുട്ടന്‍സും മനസിലാവും.

SCROLL FOR NEXT