തിരുവനന്തപുരം: സമരം ചെയ്യുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്. വിഷയത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നതാണെന്നും, സമരക്കാരുടെ ആക്ഷേപം വസ്തുതാപരമല്ലെന്നും, റാങ്ക് ലിസ്റ്റില്‍ ഒഴിവുണ്ടെങ്കില്‍ മാത്രമേ നിയമിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.
'സമരക്കാര്‍ പലതരത്തിലുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നു. സത്യത്തില്‍ അതില്‍ ഒരു വസ്തുതയുമില്ല. പരിഹാരത്തിന്റെ ഭാഗമായി നാല് ഡിമാന്റുകള്‍ അംഗീകരിച്ചു. അഞ്ചാമത്തെ ഡിമാന്‍ഡ് സര്‍ക്കാരിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെടുത്തി. അപ്പോള്‍ അവര്‍ പറഞ്ഞത് ഇതുകൂടി അംഗീകരിക്കാതെ സമരം തീരില്ല എന്നാണ്,' മന്ത്രി പറഞ്ഞു.
ചര്‍ച്ച അലസി, ചര്‍ച്ച പരാജയപ്പെട്ടു. ഇതില്‍ ഇനി ഇപ്പോള്‍ ഒരു ചര്‍ച്ചയ്ക്കുള്ള സാധ്യതയില്ല. വിശദമായി എല്ലാ വശവും നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുക എന്നതായിരുന്നു അഞ്ചാമതായി ഉദ്യോഗാര്‍ഥികള്‍ മുന്നോട്ട് വച്ച ആവശ്യം. ഇത് അംഗീകരിക്കാന്‍ ആവില്ലെന്നതാണ് സര്‍ക്കാര്‍ പറയുന്നത്.