നാദിർഷായുടെ പൂച്ച ചത്തത് ഹൃദയാഘാതം മൂലം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൂച്ചയെ കൊന്നതല്ല. പൂച്ചയുടെ കഴുത്തിൽ ചരടിട്ട് കെട്ടിവലിച്ച പാടുകളില്ല. പൂച്ച ഹൃദ്രോഗി ആയിരുന്നു എന്നും പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം ആശുപത്രിക്കെതിരെ കേസെടുക്കാമെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ആശുപത്രിക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 15നാണ് പൂച്ചയെ കൊന്നെന് പരാതിയുമായി സംവിധായകൻ നാദിർഷാ രംഗത്തെത്തിയത്. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചത്. ഗ്രൂം ചെയ്യിക്കാനാണ് പൂച്ചയെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഡോക്ടറുടെ അഭാവത്തിൽ പൂച്ചയ്ക്ക് ജീവനക്കാർ സഡേഷൻ നൽകിയതാണ് മരണകാരണമെന്നാണ് നാദിർഷാ ആരോപിച്ചത്. പൂച്ചയെ കഴുത്തിൽ കുരിക്കിട്ട് വലിച്ച് കൊണ്ടുപോകുന്നത് മകൾ കണ്ടെന്നും നാദിർഷായുടെ പരാതിയിൽ അറിയിച്ചിരുന്നു. പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.