തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്നും നർകോട്ടിക്ക് പരിധിയിൽ വരുന്ന മരുന്നുകൾ കാണാതായ സംഭവത്തിൽ അന്വേഷണം നീളുന്നു. പരാതി ലഭിച്ച് നാലുദിവസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ മൊഴി നൽകാത്തതാണ് കേസന്വേഷണം നീളാൻ കാരണം.
ന്യൂസ് മലയാളം പുറത്തു കൊണ്ടു വന്ന വാർത്തയിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ജീവനക്കാർ ഇന്ന് പൊലീസിൽ മൊഴി നൽകും. തിരക്ക് കാരണം മൊഴി നൽകാൻ കഴിഞ്ഞില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
സൂപ്രണ്ട്, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ മരുന്നുകളുടെ സൂക്ഷിപ്പ് ചുമതല ഉളളവർ എന്നിവരുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുക്കും. 14 ആം വാർഡിലെ സ്റ്റോർ കുത്തി തുറന്നാണ് മരുന്നുകൾ മോഷ്ടിച്ചത്.
മാനസിക പ്രശ്നങ്ങൾക്ക് അടക്കം നൽകുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് കാണാതായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിൽ യാതൊരു തുമ്പും കണ്ടെത്താനാവാത്തത് തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ ഗുരുതരമായ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇഞ്ചക്ഷൻ മരുന്നുകളാണ് സ്റ്റോർ റൂമിൽ നിന്നും കാണാതായിട്ടുള്ളത്. ഹാലോ പെരിഡോൾ ആറ് എണ്ണം, ഫെനെർഗാൻ/ പ്രോമെതസിൻ ഏഴ് എണ്ണം എന്നിവയാണ് കാണാതായത്. ഹാലോപെരിഡോൾ കടുത്ത മാനസിക പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നാണ്.
ഫെനെർഗൻ / പ്രോമെതസീൻ കടുത്ത അലർജി, ഛർദ്ദി, യാത്രകളിലുണ്ടാകുന്ന തലകറക്കം എന്നിവയ്ക്കും, ശസ്ത്രക്രിയയ്ക്ക് മുൻപ് രോഗിയെ ശാന്തനാക്കാനും ഉപയോഗിക്കുന്നു. മരുന്നുകൾ വയ്ക്കുന്ന ഇടവും ഉപയോഗവും കൃത്യമായി അറിയാവുന്ന വ്യക്തിയാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ലഹരിയായി ഉപയോഗിക്കാൻ പറ്റുന്ന ഈ മരുന്നുകൾ മോഷണം പോയതിന് പിന്നിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണ്. മരുന്നുകൾ സൂക്ഷിച്ചയിടത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതും അന്വേഷണത്തിന് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.