തിരുവനന്തപുരം: പിഎസ്എൽവിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവൽ ജനുവരി 22നാണ് തിരുവനന്തപുരത്തെത്തിയത്. ഡോവലിന്റെ സാന്നിധ്യത്തിൽ വിഎസ്എസ്എസിയിൽ ആറ് യോഗങ്ങൾ നടന്നെന്നാണ് വിവരം. 23ന് അജിത് ഡോവൽ കന്യാകുമാരിയിലേക്ക് പോയി. 22ന് ഡോവൽ എത്തിയതിന്റെ സെൽഫി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രി എത്തും മുൻപേയാണ് ഡോവൽ കന്യാകുമാരിയിലേക്ക് പോയത്. വിവേകാനന്ദപ്പാറയിലേക്കുള്ള സന്ദർശനമാമെന്നാണ് ഇന്റലിജൻസിനെ അറിയിച്ചത്. ഇൻഡിഗോ വിമാനത്തിലാണ് ഡോവൽ തിരുവനന്തപുരത്തെത്തിയത്. സുരക്ഷയ്ക്കായി നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. മഫ്തിയിലുള്ള പൊലീസുകാർ മതിയെന്ന് അറിയിച്ചിരുന്നതായാണ് വിവരം. ദൗത്യത്തെക്കുറിച്ച് ഇന്റലിജൻസിനും വിവരമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തി രണ്ട് ദിവസം തങ്ങിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. തുമ്പയിലെ വിഎസ്എസ്‌സി കേന്ദ്രത്തിലാണ് രണ്ട് ദിവസം തങ്ങിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജനുമായും ഡെപ്യൂട്ടി ഡയറക്ടര്‍മാരുമായുമാണ് ഡോവല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.