KERALA

നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകം; ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥനെതിരെ നടപടി

കുഞ്ഞിൻ്റെ രണ്ട് കയ്യും ഒടിഞ്ഞതിന് പിന്നാലെയാണ് ഹെൽപ്പ്ലൈനിലേക്ക് കുട്ടിയുടെ അമ്മൂമ്മ വിളിച്ച് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിതിൻ്റെ കൊലപാതകത്തിന് പിന്നാലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥനെതിരെ നടപടി. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ടെലിഫോൺ ഓപ്പറേറ്ററെ മാറ്റാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.

കുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുന്ന കാര്യം മുത്തശി റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഫോൺ വിളിച്ച് അറിയിച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഗുരുതരമായ കാര്യമാണെന്ന് അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാണ് നടപടിയെടുത്തത് എന്ന് മന്ത്രി അറിയിച്ചു.

കുഞ്ഞിൻ്റെ രണ്ട് കയ്യും ഒടിഞ്ഞതിന് പിന്നാലെയാണ് അഖിലയുടെ അമ്മ റീന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിളിച്ച് വിവരം പറഞ്ഞത്. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല. സംഭാഷണത്തിൽ പിന്നാലെ ടെലിഫോൺ ഓപ്പറേറ്റർ വിഷയം ഗൗരവമായി സ്വീകരിച്ചില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. വിവരം അറിഞ്ഞതിൻ്റെ 26ാം ദിവസം കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.

കേസിൽ കുഞ്ഞിൻ്റെ രണ്ടാനച്ഛൻ അഷ്കറിനെയും അമ്മ അഖിലയുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഒരു വയസുകാരൻ്റെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സ്ഥിരമായ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരികാവയവങ്ങളുടെ രക്തസ്രാവം നേരത്തെ മർദിച്ചതിൽ നിന്നും ഉണ്ടായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.

SCROLL FOR NEXT