തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ചതിനെ തുടർന്ന് പ്രതിഷേധിച്ചവർക്ക് എതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് നടപടി. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആൾക്കാർക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
അതേ സമയം സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ആരോപണ വിധേയ അംഗമായ സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ആരോഗ്യ വകുപ്പിന് പരാതി കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്. പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞ് പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ മരിച്ചത്.. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ വ്യക്തമാക്കി.
ചികിത്സാ പിഴവ് ആരോപിച്ച് പരാതി വന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡോക്ടർ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തു. ചികിത്സാ പിഴവിന് പുറമേ കൈക്കൂലി ആരോപണവും ഡോക്ടർക്കെിരെ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിലും അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
ചികിത്സാ പിഴവ്ആരോപണത്തിന് പിന്നാലെ നെടുമങ്ങാട് സ്വദേശി സൽമാനും ബിന്ദു സുന്ദറിനെതിരെ അനാസ്ഥ ആരോപിച്ച് രംഗത്തെത്തിയിരുന്നു. പ്രസവവേദനയുമായി സഹായമഭ്യർഥിച്ച ഭാര്യയോട് മോശമായി പെരുമാറിയെന്നും, ലേബർ റൂമിലേക്ക് മാറ്റാതെ സ്വന്തം നിലയിൽ വാർഡിൽ തന്നെ പ്രസവിക്കേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.