സിപിഐഎമ്മിൻ്റെ സൈബർ ടീമിൽ നിന്ന് ഒഴിഞ്ഞിട്ടില്ലെന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ ഇ.എസ് സുഭാഷ്. "ഞാൻ എവിടെയും പോയിട്ടില്ല" എന്ന് ഫേസ്ബുക്കിലൂടെയാണ് വിശദീകരണം നൽകിയത്. സിപിഐഎമ്മിനെതിരെയുള്ള വ്യാജ വാർത്തകളുടെ കൂട്ടത്തിൽ വന്ന വാർത്തയെന്നും ഇ. എസ്. സുഭാഷ് വ്യക്തമാക്കി.
സിപിഐഎം സൈബർ ടീമിൽ തർക്കമെന്നും മുതിർന്ന മാധ്യമ പ്രവർത്തകർ ഒഴിഞ്ഞെന്നും വാർത്തകൾ വന്നിരുന്നു. അതിനെത്തുടർന്നാണ് ഇ. എസ്. സുഭാഷും പുറത്ത് പോയെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. വിഷയം ചർച്ചയായതോടെയാണ് ഇ. എസ്. സുഭാഷ് പ്രതികരിച്ചത്.
മൂന്നാമൂഴം മുന്നിൽ കണ്ടുള്ള സൈബർ യുദ്ധത്തിനിടെ സിപിഐഎം ടീമിൽ ഉൾപ്പോരെന്നാണ് പുറത്തുവരുന്ന വിവരം. നികേഷ് കുമാറിനോട് എതിർപ്പ് ഉയർത്തി മൂന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പുറത്തുപോയതായും വിവരം. സൈബർ ടീമിൻ്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും അതൃപ്തിയെന്നും റിപ്പോർട്ടുകളുണ്ട്.