KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ അകത്ത് തന്നെ; ജാമ്യം ഇല്ല

അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിൽ സുഹൈൽ അടക്കമുള്ള പ്രതികൾക്ക് ജാമ്യം ഇല്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്. ഒന്നാംപ്രതി സുഹൈൽ സജീവ് ഉൾപ്പെടെയുള്ള നാല് പ്രതികൾക്കും ജാമ്യമില്ല. കോടതി തീരുമാനം ആശ്വാസകരമെന്ന് മരിച്ച ദേവികയുടെ കുടുംബം ന്യൂസ് മലയാളത്തോട് പറഞ്ഞു.

കോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. പ്രഥമദൃഷ്ട്യ തന്നെ പ്രതികള്‍ക്ക് എതിരെ തെളിവ് ഉണ്ടെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന്‍ മൂത്രം, രക്തം എന്നിവ പരിശോധിച്ചപ്പോള്‍ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചുവെന്നതും ചൂണ്ടിക്കാട്ടി. വണ്ടിയുടെ ഇഡിആര്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് അപകട ആഘാതം തെളിയുമെന്നും വ്യക്തമാക്കി. രണ്ടും മൂന്നും നാലും പ്രതികള്‍ സുഹൈല്‍ മദ്യപിച്ചിരുന്നു എന്ന് അറിയാമായിരുന്നിട്ടും വാഹനം ഓടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. അന്വേഷണം നിര്‍ണായകഘട്ടത്തിലാണ് രണ്ടുദിവസത്തെ കസ്റ്റഡി കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

ഇതൊരു സാധാരണ അപകടം മാത്രമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തങ്ങള്‍ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതെന്നും ഇത് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഗുരുതരമായ പ്രാഥമിക തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണെന്ന് പ്രോസിക്യൂഷന്‍ കോടയില്‍ സമര്‍ത്ഥിച്ചു. പ്രതിയും കൂടെയുള്ളവരും മദ്യപിച്ചതിന് തെളിവുണ്ട്. അനുവദനീമായതിലും 5.3 ഇരട്ടി മദ്യം ഒന്നാം പ്രതിയായ സുഹൈല്‍ കഴിച്ചിരുന്നു എന്നാണ് പരിശോധനഫലമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷയെ മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. കേസ് എന്റെ ബാപ്പ നോക്കിക്കോളും എന്നാണ് അപകട ശേഷം പ്രതി പറഞ്ഞത്. മുമ്പ് ഏതെങ്കിലും കേസ് ബാപ്പ ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണമെന്ന് അഭിഭാഷകന്‍ പറഞ്ഞു. തെളിവ് എടുപ്പും, ചോദ്യം ചെയ്യലും കഴിഞ്ഞുവെന്നും 24 മണിക്കൂറില്‍ അധികം പൊലിസ് കസ്റ്റഡി അനുവദിച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കസ്റ്റഡി പൊലിസ് നീട്ടി ചോദിച്ചിട്ടുമില്ല. ഇനിയും ജുഡീഷ്യല്‍ കറ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ല. അതുകൊണ്ട് ജാമ്യം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഈ സുപ്രധാനഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും മരണമടഞ്ഞവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും വാദിച്ചു. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റുകയായിരുന്നു.

SCROLL FOR NEXT