ഡൽഹി: നീറ്റ് പുനഃപരീക്ഷയിൽ ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കവുമായി കേന്ദ്രം. പ്രതിരോധ സേനയുടെ സഹായം തേടിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.
ജൂൺ 21നാണ് പുനഃ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂൺമാസത്തിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് വിവരം. നേരത്തെ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു.
ഇപ്പോൾ ഇതിനായി വായുസേനയുടെ സഹായം കൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണ് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ നീറ്റ്-യുജിസി പേപ്പർ ചോർച്ച കേസിലെ നിർണായക ഹർജികൾ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്‌ഐഎംഎ), യുണൈറ്റഡ് ഡോക്‌ടേഴ്‌സ് ഫ്രണ്ട് (യുഡിഎഫ്) എന്നിവ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിക്കുന്നത്.