71-ാമത് നെഹ്റു ട്രോഫി വള്ളംകളി Source: News Malayalam24X7
KERALA

നെഹ്‌റു ട്രോഫി വള്ളംകളി: ലഭിച്ചത് പത്തോളം പരാതികള്‍; രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളിലേക്കുള്ള ഫലപ്രഖ്യാപനം വൈകും

2024 നെഹ്‌റു ട്രോഫിയില്‍ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്. ഈ വിജയം വീയപുരത്തിനും വിബിസി കൈനകരിക്കും മധുര പ്രതികരമാണ്''

Author : ന്യൂസ് ഡെസ്ക്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളുടെ ഫലം പ്രഖ്യാപിക്കുന്നത് ഇനിയും വൈകും. നടുഭാഗം, മേല്‍പ്പാടം, നിരണം, തലവടി എന്നീ ചുണ്ടന്‍ വള്ളങ്ങള്‍ക്ക് എതിരെ വന്ന പരാതികള്‍ പരിഗണിക്കുക ഓണം കഴിഞ്ഞായിരിക്കും.

പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആദ്യ സ്ഥാനക്കാരെ മാത്രമേ എന്‍ടിബിആര്‍ പ്രഖ്യാപിച്ചിരുന്നുള്ളു. പത്തോളം പരാതികളാണ് ഇതുവരെ ലഭിച്ചത്. സിബിഎല്‍ യോഗ്യത സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. സമ്മാനങ്ങളും ആനുകൂല്യങ്ങളും നല്‍കണമെന്ന് ചൂണ്ടിക്കാട്ടി നടുഭാഗം തുഴഞ്ഞ പുന്നമട ബോട്ട് ക്ലബും കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനാണ് ജേതാക്കള്‍. വിബിസിയുടെ മൂന്നാം കിരീടമാണിത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. ലൂസേഴ്‌സ് ഫൈനലില്‍ പായിപ്പാടന്‍ നം.1 (4.29.606) ആണ് വിജയി.

2017ലാണ് വീയപുരം ചുണ്ടന്റെ പണി തുടങ്ങിയത്. സാബു നാരായാണന്‍ ആചാരിയായിരുന്നു ശില്‍പ്പി. 2019ല്‍ നീറ്റിലിറക്കി. ആദ്യ നെഹ്‌റു ട്രോഫിയില്‍ തന്നെ സിബിഎല്‍ യോഗ്യത നേടി. 2022ലെ പായിപ്പാട് ജലോത്സവത്തിലാണ് ആദ്യ ട്രോഫി കരസ്ഥമാക്കിയത്. 2023ല്‍ നെഹ്‌റു ട്രോഫി സ്വന്തമാക്കി. കഴിഞ്ഞ സിബിഎല്‍ ചാംപ്യന്മാരാണ്. 2024 നെഹ്‌റു ട്രോഫിയില്‍ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാമതായത്. ഈ വിജയം വീയപുരത്തിനും വിബിസി കൈനകരിക്കും മധുര പ്രതികരമാണ്.

കഴിഞ്ഞവര്‍ഷവും വീയപുരം ചുണ്ടനില്‍ തന്നെയാണ് വിബിസി തുഴഞ്ഞത്. 1986, 87 വര്‍ഷങ്ങളില്‍ നെഹ്‌റു ട്രോഫി നേടിയ വിബിസി 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറിയിരുന്നു. 2022ല്‍ വീണ്ടും തിരിച്ചെത്തി.

SCROLL FOR NEXT