ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐഎം എപ്പോഴും വിശ്വാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും. ശബരിമല യുവതി പ്രവേശനത്തിൽ പ്രതികരിക്കാനില്ല, അത് കഴിഞ്ഞുപോയ കാര്യമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം പുനഃപരിശോധിക്കുന്നതിൽ സിപിഐഎം മൗനം പാലിച്ചു. ശബരിമല കേസിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം എന്നുള്ളതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ.
സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെ പന്തളം കൊട്ടാരവും പിന്തുണച്ചിരുന്നു. കൊട്ടാര നിർവാഹക സംഘം ഔദ്യോഗിക വിഭാഗം, ഒപ്പമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇപ്പോൾ അതൃപ്തി ഉന്നയിച്ചവരുമായും ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിൽ കാണാനും തീരുമാനമായെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു.
ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ആഗോള അയ്യപ്പ സംഗമത്തിൻ്റെ ലക്ഷ്യം. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. ശബരിമലയിലെ പ്രത്യേക ആചാരങ്ങൾ കോടതിയെ ധരിപ്പിക്കും. നിയമവിദഗ്ദരുമായി കൂടിയാലോചിച്ചാകും മറ്റ് തീരുമാനങ്ങൾ എടുക്കുക. ആഗോള അയ്യപ്പ സംഗമം ആചാരങ്ങൾ സംരക്ഷിച്ച് മാത്രമേ നടത്തുകയുള്ളുവെന്നും ദേവസ്വം ബോർഡ് മെമ്പർ അഡ്വ. അജികുമാർ പറഞ്ഞു.
അതേസമയം, അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ യോഗം വിളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡൻ്റും മെമ്പർമാരും യോഗത്തിൽ പങ്കെടുക്കും.