Source: News Malayalam 24x7
KERALA

പ്രാർത്ഥനകൾ വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ യാത്രയായി

കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ലെന്ന് മന്ത്രി വീണാ ജോർജും ഫേസ്ബുക്കിൽ കുറിച്ചു...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി (21) മരണത്തിന് കീഴടങ്ങി. ശ്വാസകോശത്തിൻ്റെ പ്രവർത്തനം നിലച്ചെന്നും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡാനൺ എന്ന അപൂർവ ജനിതക രോഗത്തോട് പൊരുതുകയായിരുന്നു ദുർഗ. കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ലെന്ന് മന്ത്രി വീണാ ജോർജും ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് ദുർഗാ കാമിയുടേതായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിൻ്റെ (46 ) ഹൃദയമായിരുന്നു ദു‍‌ർ​ഗയ്ക്ക് മാറ്റിവച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ല. ഏറെ ദുഃഖകരമായ കാര്യമാണ് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ വിളിച്ചു അറിയിച്ചത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാൾ സ്വദേശിനി മരണമടഞ്ഞു. ജീവൻരക്ഷ മെഷീനുകളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവൾ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വരണമെന്നാണ് അവൾ ഡോക്ടർസിനോട് അവസാനം പറഞ്ഞതെന്ന് ഡോ. ജോർജ് വാളൂരാൻ വിഷമത്തോടെ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം icuവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോൾ മനസ്സിൽ.

അവളുടെ ജീവൻ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും

ദുഃഖത്തിൽ പങ്കു ചേരുന്നു .

SCROLL FOR NEXT