കണ്ണൂര്‍: ന്യൂ മാഹി ഇരട്ടക്കൊലക്കേസില്‍ കൊടി സുനി ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെ വെറുതെ വിട്ട് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
2010 മെയ് 28ന് രാവിലെ 11 മണിക്ക് ന്യൂ മാഹിയില്‍ പെരിങ്ങാടി റോഡില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി മടങ്ങി വരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരായ കേസ്.
അതേസമയം കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കുടുംബവുമായി അറിയിച്ച് അപ്പീല്‍ നല്‍കും. കേസ് അന്വേഷണത്തില്‍ അപാകതയുണ്ടായെന്നും പ്രോസിക്യൂട്ടര്‍ സൂചിപ്പിച്ചു.
സംഭവം നടക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആണ് ആഭ്യന്തര മന്ത്രി. കേസ് ഭൂരിഭാഗവും അന്വേഷിച്ചത് ഡിവൈഎസ്പിയായിരുന്ന പ്രിന്‍സ് എബ്രഹാം ആയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുന്ന പ്രതികള്‍ക്കെതിരെ സാക്ഷി പറയാന്‍ ആളെ കിട്ടിയില്ലെന്നും പി പ്രേമരാജന്‍ പറഞ്ഞു. അതേസമയം പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്ന് പ്രതിഭാഗം പറഞ്ഞു. ബോംബ് സ്‌ഫോടനം നടന്നതിന്റെ തെളിവ് പോലും ഇല്ലായിരുന്നുവെന്നും പ്രതിഭാഗം കൂട്ടിച്ചേര്‍ത്തു.