തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ വില്പനനികുതി നിരക്കുകൾ നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് നടപടി.
പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി. 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വിൽപന നികുതി നിരക്കും നിശ്ചയിക്കും.
0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങളുടെ നികുതി ഘടനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകൾ നിശ്ചയിക്കുന്നത്.