

തിരുവനന്തപുരം: അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. പദ്ധതികളും പ്രഖ്യാപനങ്ങളും ചെറിയ ബജറ്റില്‍ ഒതുങ്ങുന്നുവയായിരുന്നു. ക്ഷേമ പെന്‍ഷനെക്കുറിച്ച് പരാമര്‍ശം ഉണ്ടായില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ്മയ പ്രഖ്യാപനങ്ങളും ഉണ്ടായില്ല. ഡിഎ- ഡിആര്‍ എന്നിവ മുടക്കം കൂടാതം നല്‍കുമെന്ന് മാത്രമാണ് പ്രഖ്യാപനം. അഷ്വേഡ് പെന്‍ഷനിലെ അപാകത പഠിക്കുമെന്നും മെഡിസെപ്പ് സമഗ്രമായി പരിഷ്‌കരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനം തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം ഒതുങ്ങി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നതിനെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായില്ല. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമില്ല. ഒരു മണിക്കൂര്‍ 39 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തില്‍ കിഫ്ബി പൊളിച്ചെഴുതുന്നതിന്റെ വിശദാംശങ്ങളുമില്ല. കിഫ്ബിയില്‍ പൊളിച്ചെഴുത്ത് നടത്തുമെന്ന പരാമര്‍ശം മാത്രമാണ് ബജറ്റില്‍ ഉണ്ടായത്.
അതേസമയം തൊഴിലുറപ്പ് പദ്ധതി കേന്ദ്രം പരിഷ്‌കരിച്ചപ്പോള്‍ സംസ്ഥാന വിഹിതം 40 ശതമാനമാക്കി വര്‍ധിപ്പിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ നയമാണെന്നും സംസ്ഥാന വിഹിതം നല്‍കേണ്ടിയിരുന്നത് 250 കോടി രൂപ ആണെന്നും പരാമര്‍ശിച്ചു. ഇപ്പോള്‍ 2090.96 കോടിയാണ് ഉള്ളത്. പദ്ധതി തുടരാന്‍ ബജറ്റില്‍ 1422 കോടി രൂപ കൂടി വകയിരുത്തിയെന്നും പറയുന്നു.
അതേസമയം ലൈറ്റ് മെട്രോ പ്രഖ്യാപനവും മാറ്റമില്ലാതെ പുതിയ സര്‍ക്കാരിന്റെ ബജറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ ബജറ്റില്‍ പ്രഖ്യാപിച്ച് വരുന്നതാണ് കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും യാഥാര്‍ഥ്യമായിരുന്നില്ല. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും പദ്ധതി ആവിഷ്‌കരിക്കുമെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.