തൃശൂർ: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവിൻ്റെ വിരൽ പാതി മുറിഞ്ഞുപോയെന്ന് ആരോപണം. കുന്നംകുളം മലങ്കര ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിപ്പെട്ടത്. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ പെൺകുഞ്ഞിൻ്റെ വലതുകയ്യിലെ തള്ളവിരലാണ് അറ്റുപോയത്. പ്ലാസ്റ്റർ വെട്ടിയപ്പോൾ അറിയാതെ വിരൽ അറ്റുപോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.
ഈ മാസം 13നാണ് ജിഷ്മയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 16നാണ് ജിഷ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ ശ്രൂഷകളും ആശുപത്രിയിൽ വച്ച് തന്നെയായിരുന്നു ചെയ്തിരുന്നത്. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് നേഴ്‌സുമാർ ഇഞ്ചക്ഷൻ വയ്ക്കാൻ കുഞ്ഞിനെയും എടുത്ത് പോയത്.
7 മണി കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടർന്ന് ജിഷ്മ ഐസിയുവിൽ എത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. അധികൃതരോട് കാര്യം തിരക്കിയപ്പോൾ പ്ലാസ്റ്റർ വെട്ടിയപ്പോൾ വിരൽ മുറിഞ്ഞ് പോകുകയായിരുന്നു എന്ന് വിശദീകരണം നൽകിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി, നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.