തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവായ പ്രതി ജോസ് ഫ്രാങ്ക്ളിന് മുൻകൂർ ജാമ്യം. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവിനെ അനുകൂലിക്കുന്ന പോസ്റ്ററുകളും പലയിടത്തായി പ്രത്യക്ഷപ്പെട്ടു. ഡിസിസി നേതാവും നെയ്യാറ്റിൻകര കൗൺസിലറുമാണ് ജോസ് ഫ്രാങ്ക്ളിൻ.
അതേസമയം, ജോസ് ഫ്രാങ്ക്‌ളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. സബ്സിഡിയറി ലോൺ ശരിയാക്കി തരണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടെന്നും രേഖകളുമായി ഓഫീസിൽ പോയപ്പോൾ തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നുണ്ട്.
"ആവശ്യപ്പെട്ട ബില്ലുകൾ കൊടുക്കാൻ പോയപ്പോൾ വിളിക്കുമ്പോഴൊക്കെ ചെല്ലണമെന്നും ആഴ്ചയിലൊരിക്കൽ എവിടെയെങ്കിലും വച്ച് കാണണമെന്നും ആവശ്യപ്പെട്ടു. എൻ്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു. അവൻ്റെ സ്വകാര്യ ഭാഗത്തൊക്കെ എൻ്റെ കൈ പിടിച്ചുവച്ചു. ലോണിൻ്റെ കാര്യമായതിനാൽ തിരിച്ചൊന്നും പറയാനായില്ല," എന്നും ആത്മഹത്യാ കുറിപ്പിൽ വീട്ടമ്മ കുറിച്ചിരുന്നു.
"ഒരു കൗൺസിലർ എന്ന നിലയിൽ ആവശ്യങ്ങൾക്ക് പോയാൽ ഇങ്ങനെയാണ്. ഭർത്താവില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കേണ്ട. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല. ഞാൻ പോകുന്നു," തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് വീട്ടമ്മ ജോസ് ഫ്രാങ്ക്ളിനെതിരെ ഉയർത്തിയിരിക്കുന്നത്.