KERALA

സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: ചെമ്മാട് വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതിന് പിന്നാലെ നാല് ജില്ലകളിൽ എൻഐഎ റെയ്‌ഡ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലാണ് എൻഐഎ പരിശോധന നടത്തിയത്. നേരത്തെ ക്വാറിയിലേക്കെന്ന് കരുതി ഒരു ലോറിയിൽ എത്തിച്ച സ്‌ഫോടകവസ്തുൾ പിടികൂടിയ കേസിലാണ് പരിശോധന നടക്കുന്നത് എന്നാണ് റിപ്പോർട്ട്.

കാസർഗോഡ് ബദിയടുക്ക മുഗുവിലും എൻഐഎ റെയ്‌‌ഡ് നടത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംങ്കോളി മുഗുവിലെ മുഹമദ് സലീമിൻ്റെ വീട്ടിലാണ് ഇന്ന് രാവിലെയോടെ പരിശോധന നടത്തിയത്.

കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അനിൽകുമാറിൻ്റെ വീട്ടിലാണ് റെയ്‌ഡ്‌ നടത്തിയത്. മലപ്പുറത്ത് ജലാറ്റിൻ സ്റ്റിക്ക് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്‌. സ്ഫോടക വസ്തു പിടികൂടിയ വാഹനത്തിൻ്റെ ഡ്രൈവറായിരുന്നു അനിൽകുമാർ. ഇന്ന് പുലർച്ചെയാണ് എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്. റെയ്‌ഡ്‌ നടക്കുമ്പോൾ അനിൽകുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും മാത്രമായിരുന്നു. ഈ കേസിൽ രണ്ട് മാസം അനിൽകുമാർ ജയിലിൽ ആയിരുന്നു

കോഴിക്കോട് മുക്കം എരഞ്ഞിമാവിലും എൻഐഎ പരിശോധന നടത്തിയിരുന്നു. എരഞ്ഞിമാവ് സ്വദേശി ഹാരിസിൻ്റെ എക്സലൻ്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും ആണ് പരിശോധന നടത്തിയത്. രണ്ടു മാസം മുൻപ് തിരൂരങ്ങാടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ ഹാരിസ് ഉൾപ്പെടെ ഏഴ് പ്രതികളാണ് ഉള്ളത്.

മലപ്പുറത്ത് രണ്ടിടങ്ങളിലാണ് എൻഐഎ പരിശോധന നടന്നത്. തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടകവസ്തുക്കൾ എത്തിയതിലാണ് അന്വേഷണം. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ പരിശോധന നടത്തിയത്.

SCROLL FOR NEXT