നിലമ്പൂരിൽ മാറ്റം പ്രകടമായിരുന്നുവെന്നും നല്ല വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിങ് ശതമാനം കുറഞ്ഞത്. ഇവിടെ എൽഡിഎഫ് മികച്ച വിജയം നേടും. ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായില്ല എന്നതാണ് അനുഭവം.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പരാമർശം വളച്ചൊടിച്ച് തെറ്റായ പ്രചരണത്തിന് ശ്രമം നടന്നപ്പോൾ അദ്ദേഹം തന്നെ വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയും ചരിത്രം വിശദീകരിച്ചു. അതോടെ ദുർവ്യാഖ്യാനം ചെയ്തവർ നിരാശരായെന്നും സ്വരാജ് പറഞ്ഞു.
അതേസമയം, അസംബ്ലി തെരഞ്ഞെടുപ്പിൽ ഇതുവരെ ഉണ്ടായതിനേക്കാൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷ പങ്കുവെച്ചു. പ്രതീക്ഷിച്ച പോളിങ് ഉണ്ടായി. പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റിയിലും ലീഡ് ഉണ്ടാകും. ശശി തരൂരിനെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കാത്തതിനെ കുറിച്ച് അറിയില്ല. നിലമ്പൂരിൽ എല്ലാ യുഡിഎഫ് നേതാക്കളും യുവനേതാക്കളും ഒറ്റക്കെട്ടായി നിന്നാണ് പ്രവർത്തിച്ചത്. യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി.
യുഡിഎഫിന് നിലമ്പൂരിൽ തിളക്കമാർന്ന വിജയം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പ്രതീക്ഷ പങ്കുവെച്ചു. അയ്യായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിന് ആര്യാടൻ ഷൗക്കത്ത് വിജയിക്കും. ഈ തെരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാവും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, നിലമ്പൂരിൽ പോളിങ്ങിൽ വർധന രേഖപ്പെടുത്തി. നിലമ്പൂരിൽ ആകെ 74.35 ശതമാനം പോളിങ് ഇലക്ഷൻ കമ്മീഷൻ രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പുകളിൽ റെക്കോർഡിട്ടു കൊണ്ടാണ് ഇത്തവണത്തെ പോളിങ്. മഴയിലും ചോരാത്ത ആവേശമാണ് നിലമ്പൂരിലുടനീളമുള്ള പോളിങ് ബൂത്തുകളിൽ ദൃശ്യമായത്. നാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന ആശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന വോട്ടിങ് ശതമാനമാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലേക്ക് കടന്നിരിക്കുകയാണ് സ്ഥാനാർഥികളും മുന്നണികളും.