നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അൻവർ ഫാക്ടർ പ്രധാനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 25,000ത്തിലധികം വോട്ട് അൻവർ നേടിയാൽ സ്വരാജിന് ജയമുറപ്പെന്ന് യോഗം ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. ആര് ജയിച്ചാലും ഭൂരിപക്ഷം കുറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
"നിലമ്പൂരില്‍ ശക്തമായ മത്സരമാണ് നടന്നത്. ആര് ജയിക്കും തോല്‍ക്കുമെന്ന് വിലയിരുത്താന്‍ പറ്റാത്ത നിലയാണ്. അല്‍പ്പം മുന്‍തൂക്കം യുഡിഎഫിനുണ്ടെന്ന് പറയുന്നു. പക്ഷേ ആർക്ക് മുന്‍തൂക്കമുണ്ടെന്ന് പറഞ്ഞാലും അട്ടിമറിക്കപ്പെടുന്ന ഒരു വിഭാഗം വോട്ട് എല്‍ഡിഎഫിന് കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല," വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലമ്പൂരില്‍ മതപരമായി വോട്ട് ഏകീകരിക്കപ്പെടുമെന്നും ഹിന്ദു വോട്ട് സ്വരാജിന് കിട്ടാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
"...അപ്പോള്‍ ബിജെപിക്ക് പറഞ്ഞ അത്ര വോട്ട് കിട്ടില്ല. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥിക്ക് എത്ര വോട്ട് കിട്ടും എന്ന ടെസ്റ്റാണിത്. പ്രതീക്ഷിച്ചതിനേക്കാള്‍ വോട്ട് എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യതയുണ്ട്," എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
നിലമ്പൂരില്‍ അന്‍വർ ഫാക്ടറാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അന്‍വർ 25,000 വോട്ട് പിടിക്കുമെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാർഥി വിജയിച്ചിരിക്കും. യുഡിഎഫിന്റെ വോട്ടുകളാണ് അന്‍വർ പിടിക്കുക. അപ്രസക്ത സ്ഥാനാർഥി എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അന്‍വർ കൂടുതല്‍ വോട്ട് പിടിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജൂണ്‍ 19നാണ് നിലമ്പൂരില്‍ വോട്ടെടുപ്പ് നടന്നത്. 75.27 ആയിരുന്നു അന്തിമ വോട്ടിങ് ശതമാനം. ഉയർന്ന പോളിങ് ശതമാനം ട്രെന്‍ഡിന്റെ സൂചനയെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. തിങ്കളാഴ്ചയാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍.