സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. പോരാട്ടം എല്ലാ ഇടത് വിരുദ്ധ ശക്തികൾക്കും എതിരെയാണെന്നായിരുന്നു എം. സ്വരാജിൻ്റെ ആദ്യ പ്രസ്താവന. ഒരു വ്യക്തിയോടും ശത്രുതയില്ലെന്നും, എൽഡിഎഫ് സ്ഥാനാർഥി നിർണയം വൈകിയിട്ടില്ല എന്നും സ്വരാജ് പറഞ്ഞു. സ്വരാജ് നാളെ നാളെ നിലമ്പൂരിലെത്തും.
സിപിഐഎം പലതവണ വിജയിച്ച മണ്ഡലമായ നിലമ്പൂരിൽ ഇടതു സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കുമെന്നായിരുന്നു സ്വരാജിൻ്റെ വാക്കുകൾ. വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ സിപിഐഎം എടുക്കുന്ന നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എൽഡിഎഫ് തുടർഭരണത്തിൻ്റെ നാന്ദിയായി നിലമ്പൂർ തെരഞ്ഞെടുപ്പ് മാറുമെന്ന ഉറച്ച ആത്മവിശ്വാസം പാർട്ടിക്കുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
പോരാട്ടം അൻവറിനെതിരെയാണോ ഷൗക്കത്തിനെതിരെയാണോ എന്ന ചോദ്യത്തിന് ഏതെങ്കിലും വ്യക്തികൾക്കെതിരെയല്ലെന്നായിരുന്നു സ്വരാജിൻ്റെ മറുപടി. എല്ലാവരുമായി വ്യക്തിപരമായി സൗഹൃദമുണ്ട്. എല്ലാ എൽഡിഎഫ് വിരുദ്ധ ശക്തികൾക്കും എതിരെയാണ് പോരാട്ടം. ആരോടും ശത്രുതയില്ല, ആര് മത്സരിക്കുന്നു എന്നത് പ്രധാനമല്ലെന്നും എം. സ്വരാജ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥിനിർണയം വൈകിയിട്ടില്ലെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. 2026 കർട്ടൻ റെയിസറായി നിലമ്പൂരിനെ കാണണമെന്നായിരുന്നു പിണറായി വിജയൻ്റെ പ്രസ്താവന. എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന പിണറായി വിജയന്റെ നിലപാടാണ് സ്ഥാനാർഥിത്വത്തിൽ നിര്‍ണായകമായത്. എം. സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കണമെന്ന താൽപര്യവും മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.
എകെജി സെൻററിൽ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. നിലമ്പൂർ സ്വദേശി തന്നെ പോരാട്ടത്തിന് എത്തിയതിൻ്റെ ആവേശത്തിലാണ് സിപിഐഎം പ്രവർത്തകർ. മലപ്പുറത്ത് നിന്ന് തന്നെയായിരുന്നു സ്വരാജ് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു സ്വരാജ്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു. മുൻ തൃപ്പൂണിത്തുറ എംഎൽഎ കൂടെയായിരുന്ന സ്വരാജ്, തൃപ്പുണിത്തുറയിൽ രണ്ട് തവണ കെ. ബാബുവിനോട് തോറ്റിരുന്നു.