കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കുമെന്ന നല്ല വാർത്ത കേട്ടതിൽ സന്തോഷമെന്ന് ഭർത്താവ് ടോമി തോമസ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോകമെങ്ങുമുള്ള മലയാളികളും നൽകുന്നത് വലിയ പിന്തുണയാണെന്നും ടോമി തോമസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
"എല്ലാവരുടേയും പ്രതീക്ഷയ്ക്കും കഠിനാധ്വാനത്തിനും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുപോലെ ഒരുപാട് കഷ്ടപ്പെടുന്ന കുറേ പേരുണ്ട്. അവർക്കെല്ലാം സന്തോഷം നൽകുന്ന നല്ലൊരു വാർത്തയാണിത്. കുറേയായി ആഗ്രഹിക്കുന്ന മനസ്സമാധാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്," ടോമി തോമസ് പറഞ്ഞു.
"പരിമിതികൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന ഹാർഡ് വർക്ക് എല്ലാവരും ചെയ്യുന്നുണ്ട്. നമ്മൾ ചെയ്യുന്ന എന്തെങ്കിലും നല്ല പ്രവൃത്തിക്കുള്ള ഫലം ദൈവം തരുമെന്ന് വിശ്വസിക്കുന്നു," നിമിഷപ്രിയയുടെ ഭർത്താവ് ടോമി ന്യൂസ് മലയാളത്തോട് പറഞ്ഞു.