നിപ ജാഗ്രതാ നിർദേശം Source: ANI
KERALA

നിപ: ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ,വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58കാരനാണ് നിപ സ്ഥിരീകരിച്ചത്.

നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസ് കൂടി കണക്കിലെടുക്കുമ്പോൾ ഇപ്പോൾ നിലവിൽ മൂന്ന് കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ആകെ നാല് കേസും.

പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. ചികിത്സക്കായി മാത്രം ആശുപത്രികളിൽ പോകുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക . ഒരു രോഗിക്ക് ഒരു സഹായി മാത്രം ഉണ്ടാവുക എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിർദേശങ്ങള്‍.

ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ആശുപത്രികളിൽ ഇൻഫെക്ഷൻ കണ്ട്രോൾ പ്രോട്ടോകോൾ പാലിക്കണമെന്നും (മാസ്ക് , ഗ്ലൗസ് മുതലായവ ധരിക്കുക ) നിർദേശമുണ്ട്. പനി ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും നിപ ലക്ഷണങ്ങളോട് കൂടിയവ ആശുപത്രികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. അങ്ങനെയുള്ള കേസുകളിൽ നിപ പരിശോധന നടത്തേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതേസമയം, പാലക്കാട് രണ്ടാമത് റിപ്പോര്‍ട്ട് ചെയ്ത നിപ കേസില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പും ഫാമിലി ട്രീയും തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനാണ് നിർദേശം.

SCROLL FOR NEXT