Source: News Malayalam 24x7
KERALA

"കോളേജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തി, വകുപ്പ് മേധാവി പിടിച്ച് തള്ളിയതാണോ എന്നറിയില്ല"; നിതിൻ രാജിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്, ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നും സഹോദരി ഭർത്താവ്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ ദുരൂഹത സംശയിച്ച് കുടുംബം രംഗത്ത്. നിതിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്നതാണോ എന്ന് സംശയമുള്ളതായി സഹോദരി ഭർത്താവ് പറഞ്ഞു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്, ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും അശോക് കുമാർ പറഞ്ഞു.

പല തവണയായി നിതിനെ അധ്യാപകർ ജാതീയമായും വംശീയമായും നിറത്തിൻ്റെ അടിസ്ഥാനത്തിലും എല്ലാം അധിക്ഷേപിച്ചിരുന്നതായി അശോക് കുമാർ പറഞ്ഞു. അധ്യാപകരായ റാമും സംഗീതയും പല തവണ അധിക്ഷേപിച്ചുവെന്നും അശോക് കുമാർ പറഞ്ഞു.

വകുപ്പ് മേധാവി നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചെന്ന് ഇളയ സഹോദരി നിഖിത പറഞ്ഞു. ഗുരുതരമായ ജാതി അധിക്ഷേപവും നിറത്തിൻ്റെ പേരിലുള്ള അധിക്ഷേപവും ഉണ്ടായി. അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് സഹപാഠികളുടെ മുന്നിൽ അപമാനിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലർക്കും പലതരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. വിദ്യാർഥികളെ വകുപ്പ് മേധാവി തല്ലിയിരുന്നതായും നിഖിത പറഞ്ഞു.

നിതിൻ രാജിന്റെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായി നിതിൻ രാജ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണ്. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അധ്യാപകർ അപമാനിച്ചു. താൻ അങ്ങേയറ്റം ക്ഷമിച്ചെന്ന് നിതിൻ സഹപാഠികളോട് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.

അധ്യാപകർ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞുവെന്നും വീട്ടുകാരെ കളിയാക്കി സംസാരിച്ചുവെന്നും നിതിൻ ശബ്ദരേഖയിൽ പറയുന്നു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ പറഞ്ഞു. സഹിക്കാവുന്നതിൻ്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്നും നിതിൻ പറയുന്നുണ്ട്.

SCROLL FOR NEXT