

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്. താൻ വിഡ്ഢിയാണെന്ന് അധ്യാപകൻ പറഞ്ഞതായി നിതിൻ രാജ് ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമാണ്. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അധ്യാപകർ അപമാനിച്ചു. താൻ അങ്ങേയറ്റം ക്ഷമിച്ചെന്ന് നിതിൻ സഹപാഠികളോട് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.
അധ്യാപകർ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞുവെന്നും വീട്ടുകാരെ കളിയാക്കി സംസാരിച്ചുവെന്നും നിതിൻ ശബ്ദരേഖയിൽ പറയുന്നു. ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാൻ പറഞ്ഞു. സഹിക്കാവുന്നതിൻ്റെ അങ്ങേയറ്റം താൻ സഹിച്ചുവെന്നും നിതിൻ പറയുന്നുണ്ട്.
നിതിൻ രാജിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ആര്യനാട്ടെ വീട്ടുവളപ്പിൽ വച്ച് നടക്കും. സംഭവത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകർക്ക് കഴിഞ്ഞ ദിവസം സസ്പെൻഷൻ നൽകിയിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവർക്കാണ് സസ്പെൻഷൻ. അന്വേഷണ സമിതിയേയും രൂപീകരിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. സംഭവത്തിൽ വകുപ്പ് മേധാവിക്ക് എതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു. നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപമാണ് നിതിൻ രാജ് നേരിട്ടതെന്നും കുടുംബം ആരോപിച്ചു.