KERALA

"കോടതിയില്‍ ഹാജരാക്കാനുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ല"; പൊലീസിനെതിരെ നിതിന്‍ രാജിന്റെ കുടുംബം

ആറ് ദിവസമായി കണ്ണൂരിൽ പൊലീസ് ഓഫീസുകൾ കയറി ഇറങ്ങുകയാണെന്നും നിതിന്‍ രാജിന്റെ പിതാവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കണ്ണൂ‍ർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം വീണ്ടും രം​ഗത്ത്. കോടതിയിൽ ഹാജരാക്കാൻ ആവശ്യമുള്ള രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ആറ് ദിവസമായി കണ്ണൂരിൽ പൊലീസ് ഓഫീസുകൾ കയറി ഇറങ്ങുകയാണ്. റാമിനെതിരെ ഹൈക്കോടതിയിൽ എന്ത് രേഖകൾ ഹാജരാക്കുമെന്നും നിതിൻ രാജിന്റെ പിതാവ് രാജൻ ചോദിച്ചു. എസിപിയുടെ ഓഫീസിൽ വിളിച്ച് വരുത്തി തന്റെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിച്ചുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

അതേസമയം, കേസന്വേ‌ഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം നൽകണം. മുപ്പത് ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കേസിൽ മുന്‍കൂര്‍ ജാമ്യം തേടി പ്രതി ഡോ. എന്‍.കെ. റാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നത്. മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.

SCROLL FOR NEXT