KERALA

''അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ!''; ബാനറുയര്‍ത്തി മുഖം മറച്ച് പ്രതിപക്ഷ പ്രതിഷേധം; ക്ഷുഭിതനായി സ്പീക്കര്‍

ക്ഷുഭിതനായ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് മാരോട് ബാനര്‍ പിടിച്ചുവാങ്ങാന്‍ നിര്‍ദേശിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമര്‍ശത്തിനെതിരെ സംസാരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. ഇന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി തങ്ങളില്‍ ഒരു അംഗത്തെ ബോഡി ഷെയിമിങ് നടത്തി. അത് അപമാനമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അംഗങ്ങള്‍ ഇരുന്നാലല്ലാതെ പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുക്കില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് നിഷ്പക്ഷനായിട്ടല്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഇന്നും സ്പീക്കറുടെ മുഖം മറയ്ക്കുന്ന നിലയില്‍ പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. ''അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ' എന്ന പേരിലുള്ള ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ ക്ഷുഭിതനായ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് മാരോട് ബാനര്‍ പിടിച്ചുവാങ്ങാന്‍ നിര്‍ദേശിച്ചു. പിന്നാലെ നജീബ് കാന്തപുരം എംഎല്‍എയും വാച്ച് ആന്‍ഡ് വാര്‍ഡുമാരുമായി കയ്യേറ്റമുണ്ടായി.

പിന്നാലെ ചോദ്യോത്തര വേളയില്‍ സംസാരിച്ച എം.ബി. രാജേഷ് പ്രതിപക്ഷ നേതാവ് ഗുണ്ടായിസത്തിന് നേതൃത്വം കൊടുക്കുകയാണെന്ന് വിമര്‍ശിച്ചു. കേരളത്തിലെ പ്രതിപക്ഷം തെമ്മാടി കൂട്ടമാണെന്ന് എം. രാജഗോപാലും വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസവും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ നടത്തിയത്. വി. ശിവന്‍കുട്ടിയുടെ പഴയ സഭയിലെ പ്രതിഷേധത്തിന്റെ ചിത്രം പ്രതിപക്ഷം ഉയര്‍ത്തിയത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യേറ്റത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ടായിരുന്നു.

SCROLL FOR NEXT