

ഭൂട്ടാന്‍ വാഹനക്കടത്തില്‍ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരോട് കൂടുതല്‍ രേഖകളുമായി ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആയിരിക്കും നോട്ടീസ് നല്‍കുക.
രേഖകളുടെ പരിശോധന പൂര്‍ത്തിയായലുടന്‍ നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകളിലടക്കം 17 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇഡി പരിശോധന 13 മണിക്കൂറോളം നീണ്ടിരുന്നു. എന്നാല്‍ റെയ്ഡിനെക്കുറിച്ച് ദുല്‍ഖര്‍ പ്രതികരിച്ചില്ല. കൊച്ചിയിലും ചെന്നൈയിലുമായി 17 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു. കസ്റ്റംസിന് പിന്നാലെയാണ് ഇഡി റെയ്ഡും ഉണ്ടാകുന്നത്. കസ്റ്റംസിന് ഹൈക്കോടതിയില്‍ തിരിച്ചടി കിട്ടിയതിന് തൊട്ടുപിന്നാലെയാണ് പരിശോധന.
പണമിടപാട്, വിദേശനാണ്യ വിനിമയ നീക്കം എന്നിവ കണ്ടെത്തുന്നതിനായാണ് അന്വേഷണം. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ പ്രഥമദൃഷ്ട്യാ ഉള്ള ലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി നടപടി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.