വയനാട്: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട് എൻ. എം. വിജയൻ്റെ കുടുംബം. സെറ്റിൽമെൻ്റ് ഉണ്ടാക്കിയത് പാലിക്കാൻ വേണ്ടിയാണ് എന്നും അല്ലാതെ ചതിക്കാനല്ലെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്ന നിലപാടിനോട് ഒരു യോജിപ്പുമില്ല, എന്ന് പറയുന്ന നിർണായക ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.
സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ല. പിന്നെന്തിന് ഈ കാര്യം മാത്രം നടത്താൻ ശ്രമിച്ചതെന്നും തിരുവഞ്ചൂർ ചോദിക്കുന്നുണ്ട്. ശാന്തമായി തുക കൊടുക്കാൻ തീരുമാനിക്കേണ്ടതായിരുന്നു. ഇപ്പോൾ നടക്കുന്ന തരികിട പണികളോടൊന്നും താൻ യോജിക്കില്ല. പരാതികൾ കൊടുത്താൽ അത് കേൾക്കാൻ തയ്യാറാകണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കണമായിരുന്നു. വാക്കു പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നുവെന്നും തിരുവഞ്ചൂർ പറയുന്നു.
അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ തൻ്റെ മുന്നിൽ നിസ്സഹായനായി നിന്നുവെന്നും, തനിക്ക് വാക്ക് ഒന്നേയുള്ളൂ എന്നും എന്താണ് നേതാക്കൾ ചെയ്യുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞുവെന്നും വിജയൻ്റെ മരുമകൾ പത്മജ പറഞ്ഞു. വിജയൻ്റെ പ്രശ്നം ഇരുചെവി അറിയാതെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപസമിതിയിൽ തന്നെ നിർബന്ധിച്ചു ഉൾപ്പെടുത്തിയതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഉപസമിതിയിൽപ്പെട്ടു പോയതാണെന്നും സങ്കടത്തോടെ തന്നോട് തിരുവഞ്ചൂർ പറഞ്ഞതായും പത്മജ വെളിപ്പെടുത്തി.