രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടി അന്വേഷണമില്ല 
KERALA

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി അന്വേഷണമില്ല; തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളിൽ പ്രതിരോധത്തിലായിട്ടും അന്വേഷണം വേണ്ടെന്ന നിലപാടിൽ കോൺഗ്രസ്. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തിരിച്ചടിയാകുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് തീരുമാനം. ഇക്കാര്യം ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമല്ലാത്തിനാല്‍ തങ്ങള്‍ അന്വേഷണ കമ്മീഷനെ വയ്‌ക്കേണ്ട കാര്യമില്ലെന്നും ആവശ്യമെങ്കില്‍ കെപിസിസി അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കട്ടേയെന്നുമായിരുന്നു യുവജന സംഘടനയുടെ ദേശീയ നേതൃത്വത്തിന്റെ നിലപാട്.

ഏതെങ്കിലും തരത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തുമോ എന്ന ആശങ്കയാണ് അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ പരാതികള്‍ പൊലീസിന് കൈമാറേണ്ടിവരും. ഇത് പാർട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഈ സാഹചര്യത്തിലാണ് അന്വേഷണ കമ്മീഷനെ വയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കെപിസിസി എത്തിയത്.

അതേസമയം, ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുകയാണ് ഷാഫി പറമ്പിൽ എംപി. ആരോപണങ്ങളിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിക്കും രാഹുൽഗാന്ധിക്കും ഷാഫി പരാതി നൽകി. പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കരുതെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

യുവനടിയും മുന്‍‌ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി പ്രവാഹമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയാണ് ഇതില്‍ പ്രധാനം. രാഹുലിനെതിരെ എഐസിസിക്ക് ഒൻപതിലധികം പരാതികളാണ് കിട്ടിയത് എന്നാണ് പുറത്തുവരുന്ന വിവരം. ഒരു സ്ത്രീക്ക് രാഹുൽ മാങ്കൂട്ടത്തിൽ അശ്ലീലസ്വരത്തിൽ തുടർച്ചയായി അയച്ച സാമൂഹിക മാധ്യമ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

SCROLL FOR NEXT