
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോര്. രാഹുലിനെ ഒറ്റിക്കൊടുത്തുവെന്നാണ് ഗ്രൂപ്പിൽ മെസേജുകൾ.
കഥ മെനയലുകളും, സൂത്രത്തിൽ കസേര ഒപ്പിക്കാനായുള്ള പോസ്റ്റർ വിപ്ലവങ്ങളും തുടരട്ടെയെന്നും നമുക്ക് കാണാം എന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാൾ അയച്ച സന്ദേശം. പോര് കനത്തതോടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലത, ഗ്രൂപ്പ് അഡ്മിൻ ഒണ്‍ലി ആക്കി.
ആരോപണങ്ങളെ തുടർന്ന് രാഹുല്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ യുത്ത് കോൺഗ്രസ് പുതിയ അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. ജെ.എസ്. അഖിലും കെ.എം. അഭിജിത്തും സാധ്യതാ പട്ടികയിലുണ്ട്. ബെന്നി ബഹനാനും പി.സി. വിഷ്ണുനാഥും ഇരുവരുടെയും പേര് നിർദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.
അതേസമയം, ലൈംഗിക വിവാദത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. രാഹുലിന്റെ രാജി കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ധാർമികത ഉണ്ടെങ്കിൽ രാജിവച്ച് പോകണം. സിപിഐഎം രാജി ആവശ്യപ്പെട്ടില്ലെന്ന കോൺഗ്രസ് വാദത്തിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
നടന്നതെല്ലാം മൂടിവച്ച പ്രധാനപ്പെട്ട ആളാണ് ഷാഫി പറമ്പിൽ എംപിയെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രോത്സാഹിപ്പിച്ചതും ഷാഫി പറമ്പിൽ. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് നേതാക്കൾക്ക് വർഷങ്ങൾക്ക് മുൻപേ അറിയാം. വി.ഡി. സതീശൻ മറുപടി പറയണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.