വി.ഡി. സതീശൻ 
KERALA

യാതൊരു ആശങ്കയും വേണ്ട, ജനവാസമേഖല ഇഎസ്എയില്‍ ഉണ്ടാവില്ല; പറഞ്ഞ വാക്ക് സർക്കാർ പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇടുക്കിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പാലിച്ചുതുടങ്ങിയെന്ന് മുഖ്യമന്ത്രി

Author : ന്യൂസ് ഡെസ്ക്

ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്നങ്ങള്‍ക്കും പരിഹാരമായെന്നും, സിഎച്ച്ആര്‍ ഭൂമിയിലെ നിയമ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇഎസ്എയില്‍ ആശയക്കുഴപ്പം വേണ്ട. ജനവാസമേഖല ഇഎസ്എയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പു നല്‍കുന്നു. കഴുത്തുപോയാലും പറഞ്ഞ വാക്ക് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിനുശേഷം, യുഡിഎഫ് ജില്ലാ നേതൃത്വം കട്ടപ്പനയിൽ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇടുക്കിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പാലിച്ചുതുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമായി. സമയബന്ധിതമായി ഇടുക്കിയിലെ മറ്റു ഭൂവിഷയങ്ങളും പരിഹരിക്കും. ഉപാധിരഹിതമായി ഭൂമി ക്രമവത്കരണം നടത്തും. ഇതിനായി ഒക്ടോബറിൽ നിയമഭേദഗതി നടത്തും. പത്ത് ചെയിൻ, ഏഴ് ചെയിൻ മേഖലയിൽ ഉടൻ പട്ടയം നൽകാൻ നടപടിയുണ്ടാകും. ആനത്താരകളിലെ അനധികൃത ഫെൻസിങ് ഉൾപ്പെടെ തടസങ്ങൾ പൊളിക്കും. ചിന്നക്കനാലിൽ ഉൾപ്പെടെ ഈ പ്രശ്നങ്ങളുണ്ട്. സാധാരണ ജനങ്ങളെ അവ ബാധിക്കില്ലെന്നും മുഖ്യമന്ത്രി സതീശന്‍ വ്യക്തമാക്കി.

"അഞ്ചില്‍ അഞ്ച് സീറ്റും നല്‍കിയ യുഡിഎഫിനെ അനുഗ്രഹിച്ചതിന് ഇടുക്കിയിലെ ജനതയോട് നന്ദി പറയുന്നു. ആ വിജയം സാധ്യമാക്കിയ യുഡിഎഫിന്റെ പോരാളികളെ അഭിവാദ്യം ചെയ്യുന്നു. ഒരുപാടുപേര്‍ പറഞ്ഞു നമ്മള്‍ തോറ്റുപോകുന്നു. അഞ്ചു ചാനലുകൾ സർവേ നടത്തി പറഞ്ഞു, യുഡിഎഫ് തോറ്റുപോകുന്നു. അപ്പോഴും ഞാന്‍ പറഞ്ഞു നൂറിലധികം സീറ്റുമായി അധികാരത്തില്‍ വരുമെന്ന്. ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്നും പറഞ്ഞു. 13 പേര്‍ തോറ്റു. ആ ദുര്‍ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. സര്‍ക്കാര്‍ കൂടെയുണ്ടാകും" - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ സങ്കീർണമായ ഭൂവിഷയങ്ങൾക്കും പട്ടയ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റില്‍ ഉന്നതതല യോഗം നടന്നത്. റവന്യൂ, വനം, കൃഷി വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയായ ശേഷം ഇടുക്കിയിലെത്തിയ വി.ഡി. സതീശനായി യുഡിഎഫ് ജില്ലാ നേതൃത്വം സ്വീകരണവും ഒരുക്കിയിരുന്നു. ഡീൻ കുര്യക്കോസ് എംപി, ജില്ലയിലെ എംഎൽഎമാർ, യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തിൽ പങ്കെടുത്തു.

SCROLL FOR NEXT