തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ നടപടിയെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ബന്ധപ്പെട്ട അധ്യായം അടഞ്ഞുവെന്നാണ് കരുതുന്നതെന്നും എഐസിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാർട്ടി നീക്കിയിട്ടില്ലെന്ന് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. രാഹുൽ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞത്. കെപിസിസി പ്രസിഡൻ്റിനോട് ഇന്നും സംസാരിച്ചിരുന്നു. ഒരു പരാതിയും ഔദ്യോഗികമായും വ്യക്തിപരമായും രാഹുലിനെതിരെ ലഭിച്ചിട്ടില്ലെന്നും ദീപാ ദാസ് കൂട്ടിച്ചേർത്തു. അന്വേഷണത്തിന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടില്ലെന്നും എംഎൽഎ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു.
അതേസമയം, രാഹുല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആരാകും എന്നതില്‍ ചർച്ചകള്‍ പുരോഗമിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നീക്കങ്ങളും സജീവമാണ്. തങ്ങൾക്ക് ഒപ്പം നിൽക്കുന്നവർക്കായി മുതിർന്ന നേതാക്കൾ കളത്തിൽ ഇറങ്ങി. ബിനു ചുള്ളിയിൽ, കെ.എം. അഭിജിത്ത് , അബിൻ വർക്കി എന്നിവർക്ക് വേണ്ടിയാണ് ചേരിതിരിഞ്ഞുള്ള നീക്കങ്ങൾ.
യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ക്രമം അട്ടിമറിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് അബിൻ വർക്കിയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ വിഭാഗം രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പരാതികൾ അയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പുറത്തുനിന്ന് ഒരാൾ വന്നാൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചതാണ് യൂത്ത് കോൺഗ്രസ്. ഇനി സാമുദായിക സന്തുലനം നോക്കേണ്ട കാര്യമില്ല. സാമുദായിക സന്തുലനം നോക്കി അബിൻ വർക്കിയെ ഒഴിവാക്കാൻ ശ്രമിച്ചാൽ കൂട്ട രാജിയുണ്ടാകും എന്നാണ് ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പ്.