പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. ജഡ്ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ശിക്ഷാവിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.
പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയാണ് ഏക പ്രതി. 2025 ജനുവരി 27നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസികളായ സുധാകരനെയും 75കാരി ലക്ഷ്മിയെയും പട്ടാപ്പകല്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമായിരുന്നു അരുംകൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ തൊട്ടടുത്ത ദിവസം രാത്രിയാണ് പിടികൂടിയത്.
സംഭവം നടന്ന പ്രദേശത്തിനു സമീപത്തെ മാട്ടായി വനമേഖലയില്‍ നിന്ന് സാഹസികമായാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ച ശേഷം, തന്നെ വേഗം ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.