

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന്. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയാണ് കേസിലെ ഏക പ്രതി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.
2025 ജനുവരി 27നായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസികളായ സുധാകരനെയും 75 വയസുള്ള ലക്ഷ്മിയെയും പട്ടാപ്പകല്‍ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയില്‍ നിന്ന് സാഹസികമായി പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ച ശേഷം തന്നെ വേഗം ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ ചെന്താമര നാട്ടുകാരെ ഭീഷണിപ്പെടുത്തിയതും വാര്‍ത്തകളില്‍ ഇടംനേടി. ഫെബ്രുവരി 19 ന് സജിത കൊലപാതക കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം 2025 മാര്‍ച്ച് 25ന് 132 സാക്ഷികളും മുപ്പതിലധികം രേഖകളും ശാസ്ത്രീയ തെളിവുകളും അടങ്ങുന്ന 480 പേജുകളുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. അതിനിടെ സജിത കൊലപാതകക്കേസില്‍ ഒക്ടോബറില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
2026 ഫെബ്രുവരി 23 മുതല്‍ മെയ് 6 വരെ നടന്ന വിചാരണയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. ഇവരില്‍ നാലുപേര്‍ കൂറുമാറി. അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സുധാകരന്റെയും സജിതയുടെയും മക്കള്‍ പറയുന്നു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് കേസില്‍ വിധി പറയുക.