പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി റൈസ് ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാനെതിരെ പരാതി. കാറ്ററിങ് കരാറുകാരനായ ജയകുമാർ ആണ് പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകിയത്. റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണിയിൽ നിന്നും ഭക്ഷ്യവിഷബാധ ഏറ്റു എന്നാണ് പരാതി. പിന്നാലെ ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാൻ, മാനേജിങ് ഡയറക്ടർ എന്നിവർ ഡിസംബർ മൂന്നാം തീയതി കമ്മീഷന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
കാറ്ററിങ് കരാറുകാരനാണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശി ജയകുമാർ. ജയകുമാർ നൽകിയ ഭക്ഷണം കഴിച്ച് വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാധയേറ്റു. റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ച് തയ്യാറാക്കിയ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടർന്ന് ചാക്ക് പരിശോധിച്ചപ്പോൾ പാക്കിങ് തീയതിയും എക്സ്പെയറി തീയതിയുമില്ല.
ഇതോടെ റോസ് ബ്രാൻഡ് റൈസ് മാനേജിംഗ് ഡയറക്ടർ, ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാൻ, അരി വാങ്ങിയ പത്തനംതിട്ടയിലെ കടയുടമ എന്നിവർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. പ്രാഥമിക നടപടി എന്ന നിലയിൽ കമ്മീഷന് മുന്നിൽ ഹാജരാകണമെന്ന് വ്യക്തമാക്കി മാനേജിങ് ഡയറക്ടറും ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാനും നോട്ടീസയച്ചു.
ദുൽഖർ സൽമാന്റെ ചിത്രമുള്ള ബ്രാൻഡ് എന്ന നിലയ്ക്കാണ് റോസ് ബ്രാൻഡ് റൈസ് ബിരിയാണി അരി വാങ്ങിയത് എന്നാണ് ജയകുമാർ പറയുന്നത്. അതുകൊണ്ട് കൂടിയാണ് ദുൽഖറിനെതിരെ പരാതിയും നൽകിയത്. തന്റെ കാറ്ററിങ് സർവീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ജയകുമാർ പറയുന്നു. ഡിസംബർ മൂന്നിന് നടൻ ദുൽഖർ സൽമാനും റോസ് ബ്രാൻഡ് മാനേജിങ് ഡയറക്ടറും കമ്മീഷൻ മുന്നിൽ ഹാജരാകാണമെന്നാണ് നോട്ടീസ്.