തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി വിവേചനത്തിൽ കേസെടുക്കണമെന്ന് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ. സംസ്കൃത വിഭാഗം ഡീൻ ഡോ. സി. എൻ. വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് വിപിൻ വിജയൻ പരാതിയിൽ പറയുന്നത്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്നും, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിൻ്റെ മഹിമ നശിച്ചുവെന്നും വിജയകുമാരി പറഞ്ഞതായി വിപിൻ വിജയൻ പരാതിയിൽ പറയുന്നു.
വിപിനെപ്പോലുള്ള നീചജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ലെന്നും വിജയകുമാരി പറഞ്ഞിട്ടുണ്ട്. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്നും പരാതിയിൽ വിപിൻ പരാതിയിൽ ആവശ്യപ്പെട്ടു. കഴക്കൂട്ടം എസിപിക്കാണ് വിപിൻ പരാതി നൽകിയത്. വൈസ് ചാൻസലർക്കും വിപിൻ പരാതി നൽകിയിട്ടുണ്ട്.
അധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന പരാതി പുറത്തുവന്നതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ല. അധ്യാപികയുടെ പെരുമാറ്റം സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പക്വതയും മാന്യതയും അന്തസും പുലർത്തേണ്ട ബാധ്യത അധ്യാപകർക്കുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.