ചെങ്ങനാശേരി; സ്വർണക്കൊള്ളക്കേസിൽ പ്രതിയായതിന് പിന്നാലെ മുരാരി ബാബുവിന്റെ രാജി ചോദിച്ച് വാങ്ങി എൻഎസ്എസ്. പെരുന്ന കരയോഗം വൈസ് പ്രസിഡൻ്റ് സ്ഥാനമാണ് രാജി വെപ്പിച്ചത്. ശബരിമലയിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്താതെ ചെമ്പ് പാളിയെന്ന് മാത്രം രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
പിന്നീട് വിജിലൻസ് റിപ്പോർട്ടിലും മുരാരി ബാബുവിൻ്റെ പേര് ഉയർന്നുവന്നു. വിവാദവുമായി ബന്ധപ്പെട്ട് മുരാരി ബാബുവിനെ സസ്പെന്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയായ കേസിൽ ദേവസ്വം ജീവനക്കാരായ 10 പേരെയാണ് കൂട്ടുപ്രതികളാക്കിയിരിക്കുന്നത്. സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണൻ പോറ്റി ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.
കേസിൽ പ്രത്യേക അന്വേഷണസംഘം തയ്യാറാക്കിയ രണ്ട് എഫ്ഐആറിലും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, അടക്കം പത്ത് പേരാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. മോഷണം, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾക്ക് പുറമേ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ.