അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി, രഞ്ജിത Source: News Malayalam 24x7
KERALA

പുതിയ വീടിന്റെ ഗൃഹപ്രവേശത്തിന് വരുമെന്ന് പറഞ്ഞു മടക്കം; അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ തിരുവല്ല സ്വദേശിയായ നഴ്സും

അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. രഞ്ജിത യുകെയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന രഞ്ജിത അവധി എടുത്താണ് വിദേശത്ത് ജോലി ചെയ്തിരുന്നത്. ആദ്യം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു ജോലി. അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് യുകെയിലേക്ക് മാറുകയായിരുന്നു.

അവധി അപേക്ഷ നീട്ടി നല്‍കാനായി മൂന്ന് ദിവസം മുന്‍പാണ് രഞ്ജിത നാട്ടിലെത്തിയത്. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി ഇവർ ഒരു വീട് പണിയുന്നുണ്ട്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നും അതിനായി തിരിച്ചെത്തുമെന്നും പറഞ്ഞാണ് രഞ്ജിത മടങ്ങിയത്. അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം. അമ്മ തുളസിക്കുട്ടിയമ്മ കാൻസർ രോഗിയാണ്.

242 പേരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ഇന്ന് ഉച്ചയോടെയാണ് തകർന്ന് വീണത്. അപകടത്തില്‍ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ലണ്ടൻ വരെയുള്ള യാത്രയായതിനാല്‍ ഇന്ധനം അധികമായുണ്ടായിരുന്നു. ഇതും അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായെന്നാണ് പ്രാഥമിക വിവരം.

SCROLL FOR NEXT