KERALA

വയനാട്ടില്‍ നഴ്‌സിങ് ക്ഷാമം രൂക്ഷമായിരിക്കെ പിഎസ്‌സി ലിസ്റ്റിലുള്ളവരോട് അവഗണന; ഒന്നര വര്‍ഷത്തിനിടെ നടന്നത് രണ്ട് നിയമനങ്ങള്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

വയനാട്: ജില്ലയിലെ ആരോഗ്യമേഖലയില്‍ കടുത്ത നഴ്‌സിങ് ക്ഷാമം നിലനില്‍ക്കുമ്പോഴും പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളോട് അവഗണന. 2025 ജനുവരിയില്‍ നിലവില്‍ വന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റില്‍ നിന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജില്ലയില്‍ ആകെ നടന്നത് വെറും രണ്ട് നിയമനങ്ങള്‍ മാത്രമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി തവണ നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ഫയലുകള്‍ നീങ്ങുന്നില്ലെന്നാണ് പരാതി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്.

ആരോഗ്യമേഖലയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന വയനാട് ജില്ലയോട് അധികൃതര്‍ കാണിക്കുന്ന കടുത്ത അവഗണനയുടെ തെളിവാണ് സ്റ്റാഫ് നഴ്‌സിങ്് നിയമനത്തിലെ കണക്കുകള്‍. ഷിഗെല്ലയും മറ്റ് പകര്‍ച്ചവ്യാധികളും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രമുഖ ആശുപത്രികളെല്ലാം ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണ്. ആശുപത്രികളില്‍ കിടക്കകളുടെ എണ്ണവും പുതിയ ബ്ലോക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്ക് പൂര്‍ണ സജ്ജമായിട്ടും ജീവനക്കാരുടെ കുറവ് മൂലം ചുരുക്കം ഒ.പികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോടും ആലപ്പുഴയുമെല്ലാം റാങ്ക് ലിസ്റ്റിലുള്ള ഭൂരിഭാഗം പേര്‍ക്കും നിയമന ശുപാര്‍ശ നല്‍കുമ്പോള്‍ വയനാട്ടില്‍ 115 പേരുള്ള ലിസ്റ്റില്‍ നിന്ന് ജോലി കിട്ടിയത് വെറും രണ്ട് പേര്‍ക്ക് മാത്രം. 1961ലെ കാലഹരണപ്പെട്ട രോഗി - നഴ്‌സ് അനുപാതമാണ് ഇപ്പോഴും ഇവിടെ പിന്തുടരുന്നത്. സുല്‍ത്താന്‍ ബത്തേരി ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കിനായുള്ള പോസ്റ്റ് ക്രിയേഷന്‍ ഫയല്‍ ചുവപ്പുനാടയിലാണ്. പുതിയ സര്‍ക്കാര്‍ വന്നിട്ടും ഈ ഫയലുകള്‍ നീങ്ങുന്നില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി കുറഞ്ഞ നാളുകള്‍ മാത്രമാണ് ബാക്കി.

സ്ഥാനക്കയറ്റത്തിന് പിന്നാലെ വരുന്ന ഒഴിവുകള്‍ പോലും കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിലെ നഴ്‌സിങ്് തസ്തികകളുടെ ഫയലും നീങ്ങുന്നില്ല. അടിയന്തരമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമന നടപടികള്‍ വേഗത്തിലാക്കിയില്ലെങ്കില്‍ വര്‍ഷങ്ങളുടെ കഠിനാധ്വാനം പാഴാകുമെന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിലുള്ളവര്‍.

SCROLL FOR NEXT