KERALA

ഉദ്യോഗസ്ഥർക്ക് ആശ്വാസം! സെൻസസ് ഡ്യൂട്ടിക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാം

ഭവന സെൻസസിന്റെ ഭാഗമായി അധ്യാപകരടക്കം ഡ്യൂട്ടിയിൽ ആശയക്കുഴപ്പം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സെൻസസ് ഡ്യൂട്ടി ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്. സെൻസസ് ഡ്യൂട്ടിയുള്ള കാലയളവിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അവധിയെടുക്കാൻ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തുവന്നു. ജൂലൈ 30 വരെ പകുതി ദിവസമോ മുഴുവൻ ദിവസമോ സെൻസസ് ഡ്യൂട്ടിക്കായി അവധിയെടുക്കാം. ഭവന സെൻസസിന്റെ ഭാഗമായി അധ്യാപകരടക്കം ഡ്യൂട്ടിയിൽ ആശയക്കുഴപ്പം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ്.

അതേസമയം, രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാർ ബുധനാഴ്ചമുതൽ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റർക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്നുദിവസംകൊണ്ട് വീടുകൾക്ക് നമ്പറിടുന്നതുകൂടാതെ പ്രദേശത്തിന്റെ സ്‌കെച്ചും എന്യുമറേറ്റർമാർ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

ഓൺലൈനിൽ പൗരന് വീടിന്റെ വിവരങ്ങൾ ചേർക്കാനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യവും ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി എത്രപേർ ഇങ്ങനെ ചെയ്തു എന്നതിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷേ, താരതമ്യേന മെച്ചപ്പെട്ട പ്രതികരണം ഉണ്ടായി എന്നാണ് വിവരം. സെൽഫ് എന്യുമറേഷൻ ചെയ്തവരുടെ വീടുകളിൽ എന്യുമറേറ്റർ എത്തുമ്പോൾ, ഓൺലൈനിൽ ചെയ്തതിന്റെ നമ്പർ വാങ്ങി മൊബൈൽ ആപ്പിൽ നോക്കും. അതിലെ വിവരങ്ങൾ വീട്ടുകാരെ ധരിപ്പിച്ചശേഷം അപ്‌ലോഡ് ചെയ്യും. സെൽഫ് എന്യുമറേഷൻ ചെയ്യാത്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. സെൽഫ് എന്യുമറേഷന്റെ സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു.

SCROLL FOR NEXT